ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

മലപ്പുറം ജില്ലയുടെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന നിലമ്പൂർ എന്ന കൊച്ചു ഗ്രാമത്തിന്റെ   വിശേഷങ്ങൾ പറഞ്ഞാൽ തീരുന്നതല്ല.ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിന്റെ സുപ്രധാനമായ ഒരു ഭാഗമാണ് ഈ പ്രദേശം.നിളിമ്പപുരം എന്ന പേരിൽ പൂർവികർ വിളിച്ച പേരാണ് പിന്നീട് നിലമ്പൂർ എന്ന പേരിൽ ലോക  ശ്രദ്ധ നേടിയത്.പഴയകാലത്തിന്റെ പ്രൗഡിയും പ്രതാപവും വിളിച്ചുവരുന്ന കോവിലകങ്ങളാണ് നിലമ്പൂരിന്റെ വേറിട്ട മറ്റൊരു കാഴ്ച.കേരളത്തിൽ ഇവിടെ മാത്രം കാണപ്പെടുന്ന ഒരു കലാരൂപമാണ് നിലമ്പൂർ വേട്ടയ്ക്കൊരു മകൻ പാട്ട്.ഓരോ വർഷവും മതമൈത്രിയുടെ പ്രതീകമായി ഉത്സവം കൊണ്ടാടി വരുന്നുണ്ട് .

      മുളകളുടെ നാട് എന്നാണ് നിലമ്പൂർ എന്ന വാക്കിന്റെ അർത്ഥം. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിൻ തോട്ടമായ കനോലി പ്ലോട്ടും തേക്ക് മ്യൂസിയവും വിദേശീയരെ പോലും ആകർഷിക്കുന്നവയാണ്.അതിരറ്റ അപൂർവ്വ ജൈവസമ്പത്ത്  കൂടിയാണ് ഈ നിലമ്പൂരിന്റെ കാടുകൾ .വംശനാശം വന്നുകൊണ്ടിരിക്കുന്ന ആദിവാസി വിഭാഗമായ ചോലനായകരെ ഈ കാടുകളിൽ കണ്ടുവരുന്നുണ്ട് എന്നുള്ളത് നിലമ്പൂരിന്റെ ആകർഷണമാണ്.ആഢ്യൻപാറ വെള്ളച്ചാട്ടങ്ങളും,മഴക്കാടുകളിൽ പ്രശസ്തമായ നെടുങ്കയം,പൗരാണികത നിലനിൽക്കുന്ന നിലമ്പൂർ കോവിലകം,മൺപാത്ര നിർമ്മാണത്താൽ പ്രശസ്തമായ അരുവാക്കോട്  തുടങ്ങിയവ നിലമ്പൂരിന്റെ പ്രശസ്തി വാനോളം ഉയർത്തിയതിൽ നിർണായക പങ്കുവഹിച്ച ചില ഘടകങ്ങൾ മാത്രമാണ്.

                   പച്ചപുതച്ച കാനന  ഭംഗിയിൽ കണ്ണഞ്ചിപ്പിക്കുന്ന കമനീയ  കാഴ്ചയുടെ സുകൃതമായ നിലമ്പൂർ ഇന്നും ശോഭിക്കുന്നു. ആകാരമനോഹാരിതയിൽ അലങ്കാരമായ മലനിരകളും കാടിനോട് കിന്നാരം ചൊല്ലി പാട്ട് മൂളി ഒഴുകുന്ന പുഴകളും നിലമ്പൂരിന്റെ പ്രകൃതി ഭംഗി പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു.സുഗന്ധവ്യഞ്ജനങ്ങളും കായികനികളും കാട്ടു തേനും  കൊണ്ട് സമൃദ്ധമായ ഈ താഴ്വര വിശ്വവിഖ്യാതമായ തേക്കുകളുടെ  സ്വന്തം നാടാണ്.കേരളവും തമിഴ്നാടുമായി അതിര് പങ്കിടുന്ന നീലഗിരി കുന്നുകളോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശം ഇന്ന് ഗതകാല പ്രതാപത്തിന്റെ പ്രൗഢി മങ്ങാതെ പുതുകാലത്തിന്റെ പ്രതീക്ഷകൾ കൊണ്ട് വികസന പന്ഥാവിൽ അതിവേഗം ബഹുദൂരം കുതിച്ചു കൊണ്ടിരിക്കുകയാണ്.അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഈ വളർച്ചയ്ക്ക് പിന്നിലെ സുപ്രധാന ഘടകം.

                         നഗരത്തിന്റെ മനം മടുപ്പിക്കുന്ന  ആരവങ്ങൾക്കിടയിൽ നിന്നും തിരക്കുകളിൽ നിന്നും മാറി തഴുകി തലോടിയെത്തുന്ന കുളിർ കാറ്റും ശുദ്ധവായുവും ആസ്വദിച്ച് പ്രകൃതിയുടെ പാട്ടിൽ ലയിച് പച്ചപ്പിൽ അഭിരമിച്ചു കഥകൾ ഉറങ്ങുന്ന നാട്ടിലൂടെയുള്ള ട്രെയിൻ യാത്രയും ഈ നാടിന്റെ മാത്രം സ്വകാര്യ സ്വത്തായി ഇന്നും അവശേഷിക്കുന്നു.ഇനിയും ഒരുപാട് മുന്നോട്ട് ഈ നാടിന് കുതിക്കേണ്ടതുണ്ട്.അതിനുതകുന്ന പദ്ധതികളുമായി നിലംബൂർ ബ്ലോക്ക്പഞ്ചായത്ത് മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുന്നു .